തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പിണറായി വിജയന്റെ ഗണ്മാൻമാർ യൂത്ത്കോൺഗ്രസുകാരെ മർദിച്ച കേസിൽ എഡിജിപി അജിത്കുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും എസ്ഐടി സംഘം പരിശോധിച്ചു.
പോലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം രജിസ്റ്ററും സംഘം ശേഖരിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ ശ്രമങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണു ലക്ഷ്യം. പോലീസ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ ഒരു പ്രത്യേക അന്വേഷണസംഘം കേസിന്റെ ഭാഗമായി പരിശോധന നടത്തുന്നത്.
പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസാണു തയാറാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥൻ പെൻഡ്രൈവിലാക്കി കൈമാറിയ കേസ് ഡയറി ഈ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ ചേർന്നു തിരുത്തി നൽകിയെന്നും എസ്ഐടിക്കു വിവരം ലഭിച്ചിരുന്നു. എഡിജിപി എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്ന് ഈ ഗ്രേഡ് എസ്ഐമാർ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.